തൃശൂർ: പതിവുപോലെ ഒറ്റൊരു മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി.
മഴക്കാല മുന്നൊരുക്കങ്ങൾ വളരെ മുൻപേ നടപ്പാക്കിയെന്ന അധികൃതരുടെ അവകാശവാദങ്ങൾ കടലാസിലൊതുങ്ങിയെന്നു വ്യക്തമാക്കുന്ന കാഴ്ചയ്ക്കാണു നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെന്നപോലെ ശക്തൻ ബസ് സ്റ്റാൻഡും ടിബി റോഡും ഇത്തവണയും വെള്ളത്തിനടിയിലായി. സ്റ്റാൻഡിലെ കടകളിലും നിർത്തിയിട്ട വാഹനങ്ങളിലും വെള്ളംകയറി. മലിനജലം ശക്തമായി ഒഴുകിയെത്തിയതോടെ സ്റ്റാൻഡിലെ ടയർകടയിൽനിന്ന് ഒലിച്ചുപോയ ടയറുകൾ പിടിച്ചുവയ്ക്കാൻ കനത്തമഴയിലും നെട്ടോട്ടമോടുകയായിരുന്നു തൊഴിലാളികൾ.
പരന്നൊഴുകിയ മലിനജലത്തിലൂടെ കഷ്ടപ്പെട്ടാണു യാത്രക്കാർ സ്റ്റാൻഡിലേക്കു പ്രവേശിച്ചത്. ഇതിനിടെ ചിലർ വെള്ളത്തിനടിയിലെ കല്ലിലുംമറ്റും തട്ടിവീണു പരിക്കേറ്റു. സ്റ്റാൻഡിനോടുചേർന്നുള്ള കാനയ്ക്ക് സ്ലാബ് പോലും ഇല്ലാത്തതിനെത്തുടർന്നു വെള്ളം നിറഞ്ഞൊഴുകിയതോടെ കാനയും റോഡും തിരിച്ചറിയാതെ ജനം വലഞ്ഞു. ഇതിനിടെ ഒരു യുവാവ് കാനയ്ക്കു സമീപം വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത വെള്ളക്കെട്ട് നഗരത്തിലെ വാഹനഗതാഗതവും താറുമാറാക്കി. എല്ലാ വർഷവും ഇതേ ദുരവസ്ഥ നേരിട്ടിട്ടും ശാശ്വതപരിഹാരം കാണാത്തതിനെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
പോസ്റ്റ് ഓഫീസ് റോഡ്, റിംഗ് റോഡിനു സമീപമുള്ള ആർസിഎം ലെയ്ൻ, ചെട്ടിയങ്ങാടി റോഡ്, സ്വരാജ് റൗണ്ട്, ഇക്കണ്ടവാര്യർ റോഡ്, ആകാശപാതയ്ക്കു താഴെ തുടങ്ങി നഗരത്തിലെ പ്രധാനപാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കുറുപ്പം റോഡ് കോണ്ക്രീറ്റിംഗിനെത്തുടർന്ന് കാന നിർമിക്കാതിരുന്നതും നിലവിൽ നടക്കുന്ന കാനനിർമാണത്തിലെ മെല്ലെപ്പോക്കും സ്ഥിതി കൂടുതൽ വഷളാക്കി. ഇവിടെയും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി വലിയ നഷ്ടമുണ്ടായി. നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്തമഴ പെയ്തതോടെ കാലാവസ്ഥാകേന്ദ്രം റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ചത് ആശങ്കയ്ക്കിടയാക്കി.
അശ്വിനി ആശുപത്രിക്കു പിറകിലുള്ള അക്വാട്ടിക് ലെയ്നിൽ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു.